ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ശാന്തൻപ്പാറ ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസംഗം.
അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുന്ന തരത്തിൽ തിരിച്ചടിക്കുക. ആളുകളെ നമ്മൾക്കൊപ്പം നിർത്തനാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. തല്ലുകൊള്ളാനായി ആരുമുണ്ടാവില്ല. മരിച്ചു പോയ പല നേതാക്കന്മാരെ വരെ നേരിട്ടടിച്ചിട്ടുണ്ട്. സഖാക്കൾ എത്രയോ പേരെ കൊന്നിരിക്കുന്നു. കാമരാജിനെ കൊന്നു, തങ്കപ്പനെ വെട്ടിക്കൊന്നു, എന്ന് തുടങ്ങി നിരവധി പേരെയാണ് ഞങ്ങൾ തീർത്തിട്ടുള്ളത്. തിരിച്ചടിച്ചത് നന്നായി എന്ന് പറയിപ്പിക്കണം. വെറുതെ പ്രസംഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കുക. കമ്യൂണിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റുകാരും ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കേൾക്കുന്നവരും കാണുന്നവരും ഇത് ശരിയാണെന്ന് പറയണം.
സിപിഎമ്മിന്റെ സംസ്കാരം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. അക്രമത്തിന്റെ പാത വലിയ നേട്ടമായി കാണുകയാണ്. ഇതുതന്നെയാണ് കേരളത്തിലെ ക്യാമ്പസുകളിലും നടക്കുന്നത്. എംഎം മണിയുടെ ശൈലിയെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നും ഇത് സിപിഎമ്മിന്റെ ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിന്റെ രീതിയും പ്രത്യയശാസ്ത്രവുമാണ് മണിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്നാണ് പൊതുജനാഭിപ്രായം. അക്രമാഹ്വനം നടത്തും വിധത്തിലുള്ള പ്രസംഗമാണ് നേതാവ് നടത്തിയത്. ദിവ്യാംഗനായ വിദ്യാർത്ഥിയെ എസ്എഫ്ഐ കുട്ടിസഖാക്കൾ ഇടിമുറിയിൽ ആക്രമിച്ചെന്ന് മനഃസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംഎം മണിയുടെ വിവാദ പ്രസ്താവനയെന്നതും ചേർത്ത് വായിക്കേണ്ടതാണ്.