തിരുവനന്തപുരം: പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ. അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടുവെന്ന അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നാണ് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
അജാസുമായി ഇന്ദുജയ്‌ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മിൽ സ്ഥിരം വഴിക്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ശംഖുമുഖത്ത് വച്ച് അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് അഭിജിത്തിന്റെ മൊഴി. തുടർന്ന് തെളിവെടുപ്പിനായി അജാസുമായി പൊലീസ് ശംഖുമുഖത്തേക്ക് പോയി. കേസിൽ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. കേസ് ഡിവൈഎസ്പി ഏറ്റെടുത്തിട്ടുണ്ട്.
അഭിജിത്തിനെതിരെ ഭർതൃപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അജാസ് ഇന്ദുജയെ മർദ്ദിച്ചതായി അഭിജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജാസിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ദുജയുടെ ഫോണിൽ അവസാനമായി വിളിച്ചത് അജാസാണെന്നും കോൾ കട്ടാക്കിയ ഉടൻ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അഭിജിത്തിന്റെയും അജാസിന്റെയും മാനസിക, ശാരീരിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
അജാസും അഭിജിത്തും പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ പഠിച്ചിരുന്ന അതേ സ്കൂളിൽ തന്നെയാണ് ഇന്ദുജയും പഠിച്ചിരുന്നത്.