മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷന്റെ (IRIGC-M&MTC) 21-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം പ്രതിരോധമന്ത്രി റഷ്യൻ പ്രസിഡന്റിനെ അറിയിച്ചു.
ഇരുനേതാക്കളും ഉഭയകക്ഷി, പ്രതിരോധ സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തിന് വിശാലമായ സാധ്യതകളുണ്ടെന്നും സംയുക്ത പരിശ്രമങ്ങൾ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ഇന്ത്യ എപ്പോഴും റഷ്യയുമായി സഹകരണം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
നേരത്തെ മോസ്‌കോയിൽ വച്ച് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക-സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇൻ്റർ-ഗവൺമെൻ്റൽ കമ്മീഷൻ (IRIGC M&MTC) മീറ്റിംഗിൽ ഇരുവരും പങ്കെടുത്തു. കൂടിക്കാഴ്‌ചയിൽ എസ്-400 ട്രയംഫ് ഉപരിതല- വ്യോമ മിസൈൽ സംവിധാനങ്ങളുടെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളുടെ വിതരണം വേഗത്തിലാക്കാൻ രാജ്‌നാഥ് സിംഗ് റഷ്യയ്‌ക്ക്മേൽ സമ്മർദ്ദം ചെലുത്തി. വിവിധ സൈനിക ഹാർഡ്‌വെയർ ഉൽപ്പാദനത്തിൽ റഷ്യൻ പ്രതിരോധ വ്യവസായങ്ങൾക്ക് ഇന്ത്യയിൽ പുതിയ അവസരങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്‌തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് റഷ്യയിൽ എത്തിയ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം രാത്രിയാണ് മോസ്‌കോയിൽ ലാൻഡ് ചെയ്തത്.