തിരുവില്വാമല : വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനിനൂഴൽ ഇന്ന് ബുധനാഴ്ച നടക്കും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലാണ് പുനർജനിനൂഴൽച്ചടങ്ങ് നടക്കുന്നത്.
പുലർച്ചെ നാമജപ ഘോഷയാത്രയോടുകൂടി മേൽശാന്തിയും ഭക്തരും ക്ഷേത്രത്തിൽനിന്ന് മൂന്നു കിലോമീറ്ററോളം അകലെ കിഴക്കേ ദിക്കിലുള്ള ഗുഹാമുഖത്തെത്തി പ്രത്യേക പൂജയ്ക്കു ശേഷമാണ് പുനർജനിനൂഴൽ ആരംഭിക്കുന്നത്.
പുനർജനിനൂഴാനുള്ള ടോക്കൺ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതൽ എട്ടുവരെ തിരുവില്വാമല ദേവസ്വം ഓഫീസിൽനിന്ന് വിതരണംചെയാതിരുന്നു.
പ്രായമായവരും ആരോഗ്യപ്രശ്നം ഉള്ളവരും സ്ഥിരമായി അസുഖങ്ങൾ ഉള്ളവരും പുനർജനിനൂഴുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ടോക്കൺ എടുക്കാൻ വരുന്നവർ ആധാർകാർഡിന്റെ കോപ്പി കൊണ്ടുവരണമെന്നും ദേവസ്വം മാനേജർ വിജയകുമാർ അറിയിച്ചിട്ടുണ്ട്
ക്ഷേത്രത്തിൽ രാവിലെ 7.30-ന് വിശേഷാൽ കാഴ്ചശ്ശീവേലി, മേളം, പഞ്ചവാദ്യം, സമ്പൂർണ ഗീതാപാരായണം, ഏകാദശി പ്രസാദവിതരണം, വൈകീട്ട് വിളക്കുവെപ്പ് എന്നിവയുണ്ടാകും.















