കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്ന ഗ്രിൽ ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചെന്നാണ് പരാതി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണം നടന്ന കാര്യം അറിയുന്നത്.
കുടുംബ വീട്ടിൽ ആൾതാമസമില്ലായിരുന്നു. ഇവിടേക്ക് ഒരു ബന്ധു എത്തിയപ്പോഴാണ് സമീപത്തെ ഷെഡ്ഡിന്റെ ഗ്രിൽ തകർന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് മനസിലാവുകയായിരുന്നു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.
സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സംശയത്തിന്റെ നിഴലിലുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരവിപുരം സ്വദേശികളായ അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. ഇവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും മോഷണം നടത്തിയിട്ടുള്ളവരാണ് പ്രതികളെന്നാണ് വിവരം.