ന്യൂഡൽഹി: ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യു.എസ്.ബി.ആർ.എൽ) പദ്ധതിയിൽ നിർണ്ണായക പുരോഗതി. യു.എസ്.ബി.ആർ.എലിൽ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ താഴ്‌വരയെ കത്രയുമായും റിയാസിയുമായി ബന്ധപ്പിക്കുന്ന ട്രാക്കിന്റെ നിർമ്മാണമാണ് പൂർത്തികരിച്ചത്. 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിന്റെ നിർമ്മാണവും പൂർത്തിയായി. “ചരിത്രപരമായ നാഴികക്കല്ല്” എന്നാണ് അശ്വിനി വൈഷ്ണവ് ഇതിനെ വിശേഷിപ്പിച്ചത്.
കശ്മീരിനെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ 2025 ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രാലയം അടുത്തിടെ സൂചന നൽകിയിരുന്നു. ഫെബ്രുവരിയിൽ ഖാരിക്കും സംബറിനും ഇടയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ഉൾപ്പെടെ 48.1 കിലോമീറ്റർ ഭാഗം മന്ത്രാലയം തുറന്നിരുന്നു. ഇതോടെ ബാരാമുള്ളയിൽ നിന്ന് ബാനിഹാൽ വഴി സംഗൽദനിലേക്ക് ട്രെയിനുകൾ ഓടിക്കാൻ സാധിക്കും.
സ്വാതന്ത്ര ഭാരതത്തിലെ ഏറ്റവും ദുഷ്കരമായ പദ്ധതിയാണ് യു.എസ്.ബി.ആർ.എൽ. പദ്ധതിയിൽ 13 കിലോമീറ്റർ ദൂരത്തിൽ മാത്രം 38 തുരങ്കങ്ങളും 931 പാലങ്ങളുമാണ് റെയിൽവേ നിർമിക്കുന്നത്. ആകെ 272 കിലോമീറ്റർ നീളത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായ ചെനാബ് നദിയിലെ ഉരുക്കു പാലത്തിന് മാത്രം 1.3 കിലോമീറ്റർ നീളമുണ്ട്.
ചെനാബ് നദിയുടെ ഇരുകരയിലുമുള്ള ബക്കൽ, കൗരി ഗ്രാമങ്ങളെയാണ് പാലം ബന്ധിപ്പിക്കുന്നത്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനേയും അതിജീവിക്കാൻ പാലത്തിനാവും.