പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ സിമന്റ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് സ്വദേശിയായ മഹീന്ദ്ര പ്രസാദിനെതിരെയാണ് കേസെടുത്തത്. മനപൂർവ്വമായ നരഹത്യ ചുമത്തിയാണ് കേസ്.
നിയന്ത്രണം വിട്ട സിമന്റ് ലോറി, റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മഹീന്ദ്ര പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മഹീന്ദ്ര പ്രസാദിനും ക്ലീനർക്കും പരിക്കേറ്റിരുന്നു.
എതിരെ വന്ന ലോറി, സിമന്റ് ലോറിയിൽ ഇടിച്ചതാണ് അപകടകാരണം. ഇതിൽ ലോറി ഡ്രൈവറായ പ്രജീഷിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അശ്രദ്ധമായി അമിത വേഗത്തിൽ ലോറി ഓടിച്ചതാണ് അപകടകാരണമായി പൊലീസ് പറയുന്നത്. ഇയാൾക്കെതിരെയും മനപൂർവ്വമായ നരഹത്യക്കാണ് കേസെടുത്തത്.
പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ സുഹൃത്തുക്കളായ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ലോറിക്കടയിൽപ്പെട്ട് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡ് ഉപരോധിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നും സംഭവത്തിൽ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.