തിരുവനന്തപുരം: വീട്ടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ വനിതാ കമ്മീഷനെ സമീപിച്ചു. പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്. ഭാര്യയെയും മക്കളെയും നിരീക്ഷിക്കാനാണ് അച്ഛൻ ക്യാമറ സ്ഥാപിച്ചതെന്നാണ് ആരോപണം.
സമാന രീതിയിലുള്ള പരാതികൾ അടുത്തിടെ വർദ്ധിച്ചു വരുന്നതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹശേഷം ഭാര്യയെ പഠിക്കാനോ ജോലിക്ക് വിടാനോ താത്പര്യം കാട്ടാത്ത ഭർത്താക്കന്മാർക്ക് എതിരെയും നിരവധി പരാതി വന്നിട്ടുണ്ട്. സ്വത്ത് വാങ്ങിച്ച ശേഷം മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന സ്ത്രീകളുടെ പരാതികളും ഏറി വരികയാണ്.
മാദ്ധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് സംബന്ധിച്ചും കമ്മീഷന്റെ മുമ്പാകെ പരാതി എത്തി. കൂടുതൽ വനിതാ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആ കമ്മിറ്റി കൃത്യമായി യോഗം ചേരണം. പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായുള്ള ഇടപെടലുകൾ ശക്തമാവേണ്ടതുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.