ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം അയോദ്ധ്യയിലേക്ക് എത്തുന്നത്. പ്രാണപ്രതിഷ്ഠ പൂർത്തിയായ ശേഷം അശോക് കുമാറിന്റെ ആദ്യ അയോദ്ധ്യ സന്ദർശനം കൂടിയാണിത്. ക്ഷേത്രത്തിലെത്തി രാംലല്ലാ വിഗ്രഹത്തിൽ അദ്ദേഹം പൂജകൾ അർപ്പിക്കും. അയോദ്ധ്യയും നേപ്പാളും തമ്മിൽ ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധത്തെ ഉയർത്തിക്കാട്ടുന്നതാണ് അശോക് കുമാറിന്റെ സന്ദർശനം.
ഐതിഹ്യമനുസരിച്ച് സീതാദേവിയുടെ സ്വദേശമായി പറയപ്പെടുന്നത് നേപ്പാളിലെ ജനക്പൂർ ആണ്. നൂറ്റാണ്ടുകളായി ഈ രണ്ട് പ്രദേശങ്ങളും തമ്മിൽ അടുത്ത ബന്ധം മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. രാംലല്ലയുടെ വിഗ്രഹം നിർമ്മിക്കുന്നതിനാവശ്യമായ കൃഷ്ണശില നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നാണ് അയോദ്ധ്യയിൽ എത്തിച്ചത്.
നേപ്പാളിൽ നിന്നും പതിനായിരക്കണക്കിന് ഭക്തർ ഇവിടേക്ക് ദർശനത്തിനായി എത്തുന്നുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിലുൾപ്പെടെ നേപ്പാളിൽ നിന്നും ജനക്പൂരിൽ നിന്നുമുള്ള ഭക്തർക്ക് പ്രത്യേക ഇടം നൽകിയിരുന്നു. ചടങ്ങുകളുടെ ഭാഗമായി പരമ്പരാഗത നിർമ്മിതികളും, കരകൗശല വസ്തുക്കളും, ശ്രീരാമ-സീതാദേവീ വിഗ്രഹങ്ങളും ഇവർ വഴിപാടായി സമർപ്പിക്കുകയും ചെയ്തിരുന്നു.