ബ്രിസ്ബെയ്ൻ ഗാബ ടെസ്റ്റിലെ ആദ്യ ദിനം മഴയെടുത്തു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസാണ് നേടിയത്. 19 റൺസുമായി ഉസ്മാൻ ഖവാജയും നാല് റൺസുമായി നഥാൻ മക്സീനിയുമാണ് ക്രീസിൽ. മഴയ തുടർന്ന് മത്സരം രണ്ടുതവണ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
കാര്യമായ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. രവിചന്ദ്രൻ അശ്വിനും ഹർഷിത് റാണയ്‌ക്കും പകരം രവീന്ദ്ര ജഡേജയും ആകാശ് ദീപും സ്ക്വാഡിൽ ഇടം പിടിച്ചു. ഓസ്ട്രേലിയൻ നിരയിൽ സ്കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസിൽവുഡ് മടങ്ങിയെത്തി.
2021-ൽ ഇന്ത്യ ഓസ്ട്രേലിയയെ വീഴ്‌ത്തി ഗാബയിൽ പുതു ചരിത്രം രചിച്ചിരുന്നു. പേസിനെ പിന്തുണയ്‌ക്കുന്ന പിച്ചിൽ ഇന്ത്യയെ സംബന്ധിച്ച് വിജയം ആവർത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതോടെ പരമ്പര സമനിലയിലാണ്.