ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലു അർജുനെ വികാരനിർഭരമായി സ്വീകരിച്ച് കുടുംബം. ഇന്നലെ ഉച്ചയ്‌ക്ക് അറസ്റ്റിലായ അല്ലു അർജ്ജുൻ ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെയാണ് മോചിതനായത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെത്തിയ അല്ലു അർജുനെ കണ്ടതോടെ മക്കളായ അയാനും അർഹയും ആഹ്ലാദത്തോടെ ഓടിയെത്തി. പിന്നാലെ എത്തിയ ഭാര്യ സ്നേഹ റെഡ്ഡി കരച്ചിൽ അടക്കാനാവാതെ വിങ്ങിപ്പൊട്ടി. സ്നേഹയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
വികാരനിർഭരമായ നിമിഷത്തിൽ അല്ലു അർജുന്റെ കണ്ണുകളും നിറഞ്ഞിരുന്നു. സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ്, അമ്മ നിർമല അല്ലു എന്നിവരും താരത്തെ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. അല്ലു അർജുനെ സ്വീകരിക്കാൻ നിരവധി ആരാധകരും മാദ്ധ്യമപ്രവർത്തകരും വീടിന് മുന്നിൽ കാത്തുനിന്നിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത താരം എല്ലാവരുടെയും പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു.
‘എന്നെ ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട. എനിക്ക് നിലവിൽ യാതൊരു ബുദ്ധിമുട്ടുകളുമില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥനായ പൗരനാണ് ഞാൻ. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മരിച്ച യുവതിയുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും”അല്ലു അർജുൻ പറഞ്ഞു.
അതേസമയം, അല്ലു അർജുനെ പാർപ്പിച്ചിരുന്ന ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയും പൊലീസിനെതിരെയും അഭിഭാഷകൻ അശോക് റെഡ്ഡി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നടപടികൾ വൈകിപ്പിച്ചത് അല്ലുവിനെ ജയിലിലാക്കാനുള്ള കരുതികൂട്ടിയുള്ള നീക്കമായിരുന്നുവെന്നും ജയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.