കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മയുടെ പിന്നിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. വ്യായാമശൈലി ശീലിക്കുന്നതും തുടരുന്നതുമൊക്കെ രോഗവിമുക്തിക്ക് നല്ലതാണല്ലോ, ആ നിലയിൽ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും വേണം. ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ എന്ന നിലയിൽ വ്യായാമമുറ നല്ലതാണെന്നും ആയിരുന്നു പി മോഹനന്റെ പ്രതികരണം.
മെക് സെവൻ ഏതോ മുൻ സൈനികൻ തുടങ്ങിയതാണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അതൊന്നും ഇത്തരം ഉദ്ദേശ്യത്തോടെ ആയിരിക്കില്ല. പലയിടത്തും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. അതിൽ നുഴഞ്ഞുകയറി നാടിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നതിനെതിരെ സമൂഹം പുലർത്തേണ്ട പൊതുജാഗ്രതയാണ് താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു പി മോഹനന്റെ വിശദീകരണം. പോപ്പുലർ ഫ്രണ്ട് വീണ്ടും നുഴഞ്ഞുകയറുന്നതായി സംശയമുണ്ടോ എന്ന ചോദ്യത്തിന് അത്തരം നീക്കങ്ങൾക്കെതിരായ പൊതുജാഗ്രത വേണം അല്ലാതെ അതിനപ്പുറത്തേക്ക് നിങ്ങൾ വ്യാഖ്യാനത്തിലേക്ക് പോകേണ്ടെന്ന് ആയിരുന്നു പ്രതികരണം.
മെക് സെവൻ ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ എന്ന നിലയിൽ ആരംഭിച്ച വ്യായാമക്കൂട്ടായ്മയാണ്. അതിനെ എതിർക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും പി മോഹനൻ പറഞ്ഞു. താൻ പറഞ്ഞതിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രത്യേകതയില്ല. എല്ലാ വർഗീയതയെയും ശക്തമായി സിപിഎം എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും സിപിഎം പിന്തുണയ്‌ക്കില്ല. വേണ്ടാത്തതിനൊന്നും ഞാനില്ല. കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ബാക്കിയൊക്കെ നിങ്ങൾ അന്വേഷിച്ചോളൂ, അന്വേഷണാത്മക പത്രപ്രവർത്തനമല്ലേ നിങ്ങളുടെ ജോലിയെന്ന് ആയിരുന്നു മറുപടി.
കഴിഞ്ഞ ദിവസമാണ് മെക് സെവന് പിന്നിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഭീകരരും മതരാഷ്‌ട്ര വാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമാണെന്ന് പി മോഹനൻ ചൂണ്ടിക്കാട്ടിയത്. വാട്‌സ്ആപ്പിലുൾപ്പെടെ സജീവമായ വ്യായാമ കൂട്ടായ്മയെക്കുറിച്ച് താൻ അന്വേഷിച്ചു. അഡ്മിൻ ആരാണെന്ന് അന്വേഷിക്കുമ്പോൾ വിവിരം കിട്ടിയ രണ്ടാളും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ആളുകളാണ്. ഇവർ എഴുന്നെളളിച്ച് കൊണ്ടുവരുന്നത് ജമാഅത്തെ ഇസ്ലാമിക്കാരെയും. തക്കോടി ഭാഗത്തും ബാലുശേരിയിലും രണ്ട് മൂന്ന് സ്ഥലങ്ങളിൽ തുടങ്ങി. ഫീസൊന്നും വേണ്ടെന്നാണ് പറയുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറയിടാനുളള നീക്കമാണെന്നും തീവ്രവാദികളെയും കൂട്ടിയുളള ഏർപ്പാടാണിതെന്നും പി മോഹനൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രസ്താവന ചർച്ചയായതോടെ മെക് സെവന്റെ ഉദ്ദേശശുദ്ധിയിൽ വ്യാപക സംശയം ഉയർന്നു. സമസ്ത ഉൾപ്പെടെയുളളവർ പി മോഹനന്റെ പരാമർശത്തെ പിന്തുണച്ചും എത്തിയിരുന്നു. കാന്തപുരം വിഭാഗം പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊന്നും എതിരെ പ്രതികരിക്കാൻ താനില്ലെന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നുമായിരുന്നു പി മോഹനന്റെ മറുപടി.