വിവാഹത്തിന്റെ നാലാം നാൾ നവവരനെ കാമുകന്റെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. അഹമ്മദാബാദ് സ്വദേശിയായ ഭാവിക് എന്ന യുവാവാണ് കാെല്ലപ്പെട്ടത്. പായൽ എന്ന യുവതിയെയാണ് ഇയാൾ വിവാഹം ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേണത്തിൽ പായൽ കാമുകനായ ബന്ധു കൽപേഷിനൊപ്പം ഗൂഢാലോചന നടത്തി യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് മനസിലായി.
പായലിനെ അവരുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ പോയ ഭാവിക് അവിടെ എത്തിയില്ല. യുവതിയുടെ പിതാവ് ഇക്കാര്യം ഭാവിക്കിന്റെ പിതാവിനെ വിളിച്ചറിയിച്ചു. എന്നാൽ മകൻ നേരത്തെ ഇറങ്ങിയെന്നായിരുന്നു മറുപടി. ഇതോടെ യുവതിയുടെ ബന്ധുക്കൾ മരുമകനെ തെരഞ്ഞിറങ്ങി. വഴിയിൽ യുവാവിന്റെ ബൈക്ക് കണ്ടെത്തി. മൂന്ന് പേർ യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് ദൃക്സാക്ഷി ഇവരെ അറിയിച്ചു.
എസ്.യു.വി കൊണ്ട് ബൈക്ക് ഇടിച്ചിട്ട ശേഷമാണ് യുവാവിനെ കടത്തിക്കൊണ്ട് പോയതെന്നായിരുന്നു ഇയാൾ പറഞ്ഞത്. യുവതിയുടെ കുടുംബം വിവരം പൊലീസിനെ അറിയിച്ചു. അന്വേഷണം വിപുലമാക്കിയ പൊലീസ് സംശയത്തിന്റെ പേരിൽ പായലിനെ ചോദ്യം ചെയ്തു. പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവരുടെ മൊഴിയനുസരിച്ച് മൂന്ന് പ്രതികളെയും പൊലീസ് കണ്ടെത്തി. എസ്.യു.വിയിൽ കൊണ്ടുപോയ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നർമദ കനാലിൽ തള്ളിയെന്ന് കൽപേഷ് മൊഴി നൽകി. ഭർത്താവ് വീട്ടിലേക്ക് വരും വഴി പായൽ അയാളെ ലോക്കേഷൻ അറിയാൻ ഫോണിൽ വിളിച്ചു. ശേഷം ലോക്കേഷൻ കാമുകന് കൈമാറി. കൽപേഷുമായി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ മറ്റൊരു വിവാഹം നടത്തി, ഇതോടെ ഭർത്താവിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.















