ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക പാർലമെന്റിൽ ബാഗും തൂക്കി നടക്കുകയാണെന്നും എന്നാൽ തന്റെ സർക്കാർ ഇതിനോടകം 5,000 യുവാക്കളെ ഇസ്രായേലിലേക്ക് അയച്ചു തൊഴിൽ നൽകി എന്നും യോഗി പറഞ്ഞു. പാർലമെന്റിൽ ‘പലസ്തീൻ’ എന്ന് രേഖപ്പെടുത്തിയ ബാഗുമായെത്തിയ പ്രിയങ്കയെ പരിഹസിച്ചായിരുന്നു യോഗിയുടെ പരാമർശം.
ഉത്തർപ്രദേശിൽനിന്നുള്ള ഓരോ യുവാക്കളും ഇസ്രായേലിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്ന് നിയമസഭയിൽ യുപി മുഖ്യമന്ത്രി പറഞ്ഞു.” സർക്കാർ ഉത്തർപ്രദേശിലെ യുവാക്കളെ ഇസ്രായേലിലേക്ക് അയക്കുന്നതിനിടയിൽ ഒരു കോൺഗ്രസ് നേതാവ് പലസ്തീൻ എന്നെഴുതിയ ബാഗുമായി പാർലമെന്റിൽ കറങ്ങുകയായിരുന്നു,” യോഗി പറഞ്ഞു. ഉത്തർപ്രദേശിലെ 56,000 ൽ അധികം യുവാക്കൾ ഇതുവരെ നിർമ്മാണ ജോലികൾക്കായി ഇസ്രായേലിലേക്ക് പോയിട്ടുണ്ട്. ഓരോ ചെറുപ്പക്കാരനും സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളവും ഒപ്പം പൂർണ സുരക്ഷയും ഇസ്രായേൽ സർക്കാർ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീന് പിന്തുണയറിയിച്ചുകൊണ്ടാണ് പ്രിയങ്ക ബാഗുമായി പാർലമെന്റിലെത്തി മറ്റുളവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമം നടത്തിയത്. പ്രീണനത്തിന്റെ ബാഗാണ് പ്രിയങ്ക കൊണ്ടുവന്നതെന്ന് ബിജെപി ആരോപിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാൻ തയാറാകാത്ത നേതാവാണ് പലസ്തീനുവേണ്ടി ബാഗുമായെത്തിയതെന്ന് ബിജെപി എംപി അനുരാഗ് സിംഗ് ഠാക്കൂർ ആരോപിച്ചു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിലേക്ക് നയിച്ച ഒക്ടോബർ 7 ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. മാത്രമല്ല പ്രശ്നപരിഹാരത്തിനായി ദ്വിരാഷ്‌ട്ര ആശയത്തെ പിന്തുണയ്‌ക്കുകയും ചെയ്തു.















