എറണാകുളം: നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയ നടപടിയാണ് കോടതി സ്‌റ്റേ ചെയ്തത്. കൃത്യമായ കാരണങ്ങളില്ലാതെയാണ് തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര തോമസ് കോടതിയെ സമീപിച്ചത്.
അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്രയ്‌ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തുടരാമെന്ന് കോടതി ഉത്തരവിട്ടു. തിന്മയ്‌ക്ക് മുകളിൽ നന്മയുടെ വിജയമാണിതെന്നായിരുന്നു കോടതി ഉത്തരവിന് പിന്നാലെ സാന്ദ്ര തോസ് പ്രതികരിച്ചത്. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘടനയുടെ ദംഷ്‌ട്രകൾ കൊണ്ട് നിശ്ശബ്ദയാക്കാമെന്ന കരുതിയവർക്കുള്ള താക്കീതാണ് ഇന്നത്തെ കോടതിവിധിയെന്നും താരം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സാന്ദ്ര, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളിൽ സംഘടന മൗനം പാലിച്ചതിനെതിരെയും തനിക്കെതിരെയുള്ള ലൈംഗികാധിക്ഷേപത്തിനെതിരെയുമാണ് പ്രതികരിച്ചതെന്ന് സാന്ദ്ര പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സംഘടനയുടെ പേര് കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത്.