ന്യൂയോർക്ക്: വവ്വാലിന്റെ വിസർജ്യം ശ്വസിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ റോസ്ച്ചറിലാണ് സംഭവം. 59 ഉം 64 ഉം വയസുള്ള രണ്ടുപേരാണ് മരിച്ചത്. കഞ്ചാവ് ചെടിക്ക് വളമായി ഉപയോഗിക്കാനായിരുന്നു ഇവർ വവ്വാലുകളുടെ കാഷ്ടം ശേഖരിച്ചത്. ഓപ്പൺ ഫോറം ഇൻഫെക്ഷ്യസ് ഡിസീസ് ജേർണലാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നത്.
ഹിസ്റ്റോപ്ലാസ്‌മോസിസ് എന്നറിയപ്പെടുന്ന അപൂർവ ശ്വാസകോശ അണുബാധയാണ് ഇവരുടെ ജീവനെടുത്തതെന്ന് ജേർണലിൽ പറയുന്നു. ഗ്വാനോ എന്നാണ് വവ്വാൽ വിസർജ്യം അറിയപ്പെടുന്നത്. കഞ്ചാവ് കൃഷി ചെയ്യുന്നതിനായി 59 കാരൻ ഓൺലൈനായാണ് വവ്വാലുകളുടെ കാഷ്ടം വാങ്ങിയത്.
64 വയസുകാരൻ തന്റെ വീട്ടിലെ വവ്വാലുകൾ നിറഞ്ഞ മച്ചിൽ നിന്നും കാഷ്ടം ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ പനി, കഠിനമായ ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്റി ഫംഗൽ ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഞ്ചാവ് കർഷകർക്കിടയിൽ ഗ്വാനോ വളരെയധികം പ്രചാരം നേടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ശരിയായ വിധത്തിൽ ഇവ കൈകാര്യം ചെയ്യാത്തത് മരണത്തിന് കാരണമാകുന്നു. വവ്വാലുകളുടെ വിസർജ്യത്തിൽ മനുഷ്യജീവന് ഹാനികരമായ ഫംഗസുകൾ അടങ്ങിയിരിക്കുന്നു.
അമേരിക്കയിലുടനീളം ഹിസ്‌റ്റോപ്ലാസ്‌മോസിസ് വ്യാപിക്കുകയാണ്. ഒരിക്കൽ ഒഹായോ, മിസിസിപ്പി നദീതടങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇത്തരം ഫംഗസ് അണുബാധ ഇപ്പോൾ രാജ്യത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുവെന്ന് പഠനങ്ങളിൽ പറയുന്നു.