ചെന്നൈ: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തള്ളിയെന്ന വിവാദം പടരുന്നു.
മെഡിക്കൽ മാലിന്യങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തിരുനെൽവേലി ജില്ലയിലെ നടുക്കല്ലൂരിലും പാലാവൂരിലും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെയും ക്രെഡൻസ് പ്രൈവറ്റ് ആശുപത്രിയിലെയും മെഡിക്കൽ മാലിന്യം ഇതിൽ ഉള്ളതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതും വായിക്കുക
ആശുപത്രി അഡ്മിഷൻ സ്ലിപ്പുകൾ, ബ്ലഡ് സ്‌മിയർ, സ്‌പോഞ്ച്, ഗ്ലൂക്കോസ് കുപ്പികൾ തുടങ്ങി വിവിധ തരം വസ്തുക്കളാണ് തിരുനെൽവേലി ജില്ലയിൽ മാലിന്യമായി തള്ളിയത്. ഇതറിഞ്ഞ് തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
ഇതും വായിക്കുക
ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്-കേരള അതിർത്തിയിൽ വാഹന പരിശോധന വർധിപ്പിക്കണമെന്നും മെഡിക്കൽ മാലിന്യം തള്ളുന്നത് തടയണമെന്നും പ്രദേശത്തെ ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യം കേരളത്തിലേക്ക് തിരിച്ചയക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. നിയമാനുസൃതം നടപടിയെടുക്കാൻ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരോടും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ഡോ.കെ.പി കാർത്തികേയൻ പറഞ്ഞു.