സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അഫ്ഗാന് ചരിത്ര ജയം. റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 232 റണ്‍സിന്റെ ജയമാണ് അവർ സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.5 ഓവറിൽ 54 റൺസിന് പുറത്തായി. അഫ്ഗാന് വേണ്ടി കന്നി സെഞ്ച്വറി നേടിയ സെദിഖുള്ള അദല്‍ (104) അബ്ദുള്‍ മാലിക്ക്(84) എന്നിവരുടെ ഇന്നിംഗ്സാണ് കരുത്തായത്.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 191 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ അല്ലാഹ് ഗസന്‍ഫാര്‍, നവീദ് സദ്രാന്‍ എന്നിവരാണ് സിംബാബ്‌വെയെ നാണക്കേടിന്റെ റെക്കോർഡിലേക്ക് തള്ളിയിട്ടത്. 9 റൺസ് മാത്രം വഴങ്ങിയാണ് യുവതാരം മൂന്നു വിക്കറ്റ് വീഴ്‌ത്തിയത്. സിംബാബ്‌വെ നിരയിൽ സീൻ വില്യംസ്(16), സിക്കന്ദർ റാസ (19) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു. ഇതോടെ അഫ്ഗാൻ 1-0 ന് മുന്നിലെത്തി. അതേസമയം ഗസര്‍ഫാറിനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സാണ് 4.8 കോടിക്ക് സ്വന്തമാക്കിയത്. എന്നാൽ സെഞ്ച്വറി നേടിയ അദലിനെ വാങ്ങാൻ ആളുണ്ടായിരുന്നില്ല.