നാടും വീടും സ്കൂളും ഒരു അഞ്ചാം ക്ലാസുകാരനെ ഓർത്ത് അഭിമാനിക്കുകയാണ്, അഭിനന്ദനങ്ങൾ ചൊരിയുകയാണ്. മുഹമദ് സിദാൻ എന്ന പത്ത് വയസുകാരന്റെ മുഖത്തെ നിഷ്കളങ്കത കണ്ടാലെ അറിയാം അവൻ ചെയ്തത് എന്താണെന്ന് മനസിലായിട്ട് പോലുമില്ലെന്ന്. തന്റെ സുഹൃത്തുക്കൾക്ക് ഒരു അത്യാഹിതം സംഭവിച്ചപ്പോൾ രക്ഷിച്ചു- അതല്ലാതെ അവന് ഒന്നുമറിയില്ല.
പാലക്കാട് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് സിദാനും റാജിഹും. ഏഴാം ക്ലാസുകാരനാണ് ഷഹജാസ്. മൂവരും അയൽവാസികൾകളും ഉറ്റചങ്ങാതിമാരുമാണ്. പതിവുപോലെ സ്കൂൾ ബസിൽ കയറാനായി റോഡിലെത്തി.
ഇവിടെ ചെറിയ റോഡിനും മതിലിനും ഇടയിലായി വൈദ്യുത പോസ്റ്റുണ്ട്. രസം തോന്നിയ റാജിഹിന് പോസ്റ്റിലെ ഫ്യൂസിലൊന്ന് പിടിക്കണമെന്ന് മോഹം. ഷോക്കടിക്കുമെന്ന് ഏഴാം ക്ലാസുകാരൻ ഉപദേശിച്ചെങ്കിലും വിലപ്പോയില്ല. ആവേശത്തിൽ റാജിഹ് മതിലിൽ കയറി ഫ്യൂസിൽ തൊട്ടു. ഉടനെ ഷോക്കേറ്റു, ഫ്യൂസിൽ പിടിച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു റാജിഹ്.
ഇറങ്ങാൻ ആവശ്യപ്പെട്ട് ഷഹജാസ് റാജിഹിന്റെ ഷൂസിൽ പിടിച്ച് വലിച്ചു. ഇതോടെ ഷഹജാസിനും ഷോക്കേറ്റു. കൈ പെട്ടെന്ന് തെന്നിമാറിയതിനാൽ അപകടം ഒഴിവായി. ഇത് കണ്ട് നിന്ന് സിദാന് റാജിഹിന് ഷോക്കേറ്റിരിക്കുകയാണെന്ന് മനസിലായി. ഉടൻ തന്നെ സമീപത്ത് കിടന്നിരുന്ന ഉണക്ക വടിയെടുത്ത് ശക്തിയായി അടിച്ചു. തലയ്‌ക്ക് കൊടുത്ത മൂന്നാമത്തെ അടിയിലാണ് ഫ്യൂസിൽ നിന്ന് റാജിഹിന്റെ കൈ വേർപ്പെട്ട് വന്നത്. അവൻ താഴെ വീണു. അതുവഴി വന്ന ബൈക്ക് യാത്രികനോട് കാര്യം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷമാണ് റാജിഹിന് സംസാരിക്കാനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
റാജിഹിന്റെ ഉള്ളം കയ്യിലും കൈയിലും പുറത്തും പൊള്ളലേറ്റു. ചെറിയൊരു കുസൃതി വരുത്തി വച്ച് വിന. ചങ്ങാതിയുടെ സമയോചിത ഇടപെടലിൽ തിരകെ ലഭിച്ച ജീവൻ. സിദാന്റെ ഉമ്മയുടെ ബന്ധുവിന് ഷോക്കേറ്റതാണ് റാജിഹിന് തുണയായത്. ഉണക്ക കമ്പ് കൊണ്ട് അടിച്ചാൽ രക്ഷിക്കാമെന്ന് ഉമ്മയുടെ വായിൽ നിന്നാണ് സിദാൻ കേട്ടത്. മനശക്തി വീണ്ടെടുത്ത് അമ്മ നൽകിയ ഉപദേശം ആവശ്യസമയത്ത് ഉപയോഗിച്ച് കൊച്ചുമിടുക്കൻ ഇപ്പോൾ നാട്ടിലെ താരമാണ്. സ്കൂളിൽ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദനവും നൽകി.