ഹൈദരാബാദ്: വീട്ടുപകരണങ്ങൾക്ക് പകരം ഡെലിവറി ഏജന്റ് എത്തിച്ചുനൽകിയ പാഴ്‌സലിൽ അഴുകിയ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും പാഴ്‌സലിനൊപ്പം ഉണ്ടായിരുന്നു. പുരുഷന്റേതെന്ന് കരുതപ്പെടുന്ന അജ്ഞാത മൃതദേഹം നാഗ തുളസി എന്ന യുവതിക്കാണ് പാഴ്‌സലായി ലഭിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പാഴ്‌സൽ ലഭിക്കുന്നത്. സർക്കാർ അനുവദിച്ച് നൽകിയ സ്ഥലത്ത് വീടുപണിയുകയായിരുന്നു നാഗ തുളസി. ധനസഹായത്തിനായി ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചിരുന്നു. ഇതുപ്രകാരം യുവതിക്ക് വീട് നിർമ്മാണത്തിനാവശ്യമായ ടൈലുകൾ സമിതി സംഭാവന ചെയ്തിരുന്നു. ഇതിനുശേഷം വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഇവർ വീണ്ടും സമിതിക്ക് കത്തയച്ചു. ലൈറ്റ്, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയവ നൽകാമെന്ന് സമിതിയുടെ വാട്ട്സ്ആപ്പ് സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡെലിവറി ഏജന്റെത്തി പാഴ്‌സൽ കൈമാറുന്നത്. ഇലക്ട്രിക് ഉപകരണങ്ങളാണെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. എന്നാൽ പാക്കേജ് തുറന്നപ്പോഴാണ് അഴുകിയ മൃതദേഹം കാണുന്നത്. ഒപ്പം 1.30 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ഭീഷണിയും കത്തിലുണ്ട്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായും ക്ഷത്രിയ സേവാ സമിതി അംഗങ്ങളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.