മോസ്കോ: റഷ്യ – യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുമെന്നും പുടിൻ പറഞ്ഞു.
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ട്രംപുമായി ചർച്ചയ്‌ക്ക് തയ്യാറാണ്. പക്ഷെ, ആ ചർച്ച യാതൊരു മുൻ വ്യവസ്ഥകളും കൂടാതെയാകണം. മാത്രവുമല്ല, യുദ്ധവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്ന ഏത് കരാറിലും കീവിലെ അധികാരികൾ (യുക്രെയ്ൻ പ്രതിനിധികൾ) ഉൾപ്പെടണമെന്നും പുടിൻ നിലപാടറിയിച്ചു.
യുക്രെയ്നിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകണമെന്ന ആവശ്യവും റഷ്യൻ പ്രസിഡന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. 2014ൽ യുക്രെയ്ൻ നിയന്ത്രണത്തിൽ നിന്ന് റഷ്യ പിടിച്ചെടുത്ത നഗരമാണ് ക്രിമിയ. സമാനനീക്കം യുക്രെയ്നെതിരെ തുടരാൻ സാധിക്കുമായിരുന്നുവെന്നും പുടിൻ ഓർമിപ്പിച്ചു.
നാറ്റോ അംഗത്വം നേടാൻ യുക്രെയ്ൻ ശ്രമിച്ചതോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. തുടർന്ന് യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റാകാൻ പോകുന്നുവെന്നത് അനുകൂല ഘടകമായാണ് റഷ്യ നോക്കിക്കാണുന്നത്. ജോ ബൈഡൻ ഭരണകൂടം യുക്രെയ്ന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിന്നിരുന്നു. എന്നാൽ ട്രംപ് സ്ഥാനമേൽക്കുമ്പോൾ യുക്രെയ്ന് നൽകുന്ന ആയുധ പിന്തുണ ഉൾപ്പടെ പുനഃപരിശോധിക്കപ്പെടും. ഇക്കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്.
ഇതുവരെയും യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കി. യുദ്ധവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് തയ്യാറാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്താൻ റഷ്യ ഒരുക്കമാണെന്നും പുടിൻ അറിയിച്ചു.
അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തുമ്പോൾ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വിലയിരുത്തലുകളാണ് രാഷ്‌ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്. ട്രംപ്-പുടിൻ ബന്ധം ഇതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.