ന്യൂഡൽഹി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരിഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യനും മറ്റ് എംപിമാരും നടത്തിയ ഇടപെടലിന്റെ ഫലമായാണ് സ്പെഷ്യൽ ട്രെയിനുകൾ ലഭിച്ചത്. റൂട്ടുകൾ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
ക്രിസ്മസിനോട് അനുബന്ധിച്ച് തിരക്ക് കൂടിയതിനാൽ ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സാഹചര്യമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വരാനും ക്രിസ്മസ് ആഘോഷിക്കാനും യാതൊരു മാർഗവുമില്ലാത്ത സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവർ ഇടപെട്ടത്. ഏതെല്ലാം നഗരങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഉള്ളതെന്നും ഇവയുടെ റൂട്ടുകളും വൈകാതെ പ്രഖ്യാപിക്കും.
ഇന്ത്യയിലാകെ 149 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ് തിരക്ക് പ്രമാണിച്ച് അനുവദിച്ചിരിക്കുന്നത്. കൂടാതെ ശബരിമല തീർത്ഥാടകർക്കായി 416 സ്പെഷ്യൽ സർവീസുകളും അനുവദിച്ചിട്ടുണ്ട്.