ഇടുക്കി: ഭാര്യയോടും മക്കളോടും മാപ്പ് ചോദിച്ചായിരിക്കും ഒരുപക്ഷേ സാബു തോമസ് വീട്ടിൽ നിന്നും ബാങ്കിലേക്ക് ഇറങ്ങിയിട്ടുണ്ടാവുക. കട്ടപ്പന ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കവാടത്തിന് മുന്നിൽ എത്തുമ്പോൾ തന്റെ നിക്ഷേപ തുക തിരിച്ചുകിട്ടുമെന്ന അവസാനത്തെ പ്രതീക്ഷയും കൈവിട്ടുപോയതായിരിക്കാം ജീവനൊടുക്കാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. മുളങ്ങാശ്ശേരിയിലെ വീട്ടിലേക്ക് ചേതനയറ്റ സാബുവിന്റെ മൃതദേഹമെത്തിച്ചപ്പോൾ ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ അങ്കണത്തേക്ക് ഒഴുകിയെത്തിയത്.
പിതാവിന്റെ ജീവനറ്റ മൃതദേഹത്തിന് സമീപത്തായി ഇളയ മകൻ തലകുനിച്ചിരുന്നു. ഒരുപക്ഷേ താനും ബാങ്കിലേക്ക് പോയിരുന്നെങ്കിൽ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന തോന്നൽ അവന്റെ മുറിവേറ്റ മനസിൽ തങ്ങിനിൽക്കുന്നുണ്ടായിരിക്കാം. പിതാവിനെ അന്വേഷിച്ചിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയായ മകനാണ് സാബുവിനെ ബാങ്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാബുവിന് അന്ത്യചുംബനം നൽകി മക്കളും ഭാര്യയും കുടുംബാംഗങ്ങളും യാത്രാമൊഴി ചൊല്ലി. ഭീഷണികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്ക് സാബു യാത്രയായി. സെന്റ് ജോർജ് പള്ളിയിലായിരുന്നു സംസ്‌കാരം.
ഇടതുഭരണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സാബുവിനെ ഇളയമകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത അപമാനഭാരത്തിലാണ് സാബു ജീവനൊടുക്കിയെതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന വി. ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശവും പുറത്തുവന്നിരുന്നു. ബാങ്കിലെത്തിയപ്പോൾ ജീവനക്കാർ അപമാനിച്ചെന്നും പിടിച്ചുതള്ളിയെന്നും ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പും അദ്ദേഹത്തിന്റെ മൃതദേഹത്തിന് പക്കൽ നിന്നും കണ്ടെത്തിയിരുന്നു.