ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമയച്ചത് വിദ്യാർത്ഥികൾ. പരീക്ഷയ്‌ക്കായി പാഠം പഠിക്കാത്തതിനാലാണ് ബോംബ് ഭീഷണി സന്ദേശം നൽകിയതെന്നാണ് കുട്ടികൾ പറയുന്നത്. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിലാണ് വിചിത്ര സംഭവം പുറത്തറിയുന്നത്.
ഡൽഹിയിലെ രണ്ട് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതാത് സ്കൂളുകളിലെ കുട്ടികളാണ് ഭീഷണി സന്ദേശമയച്ചത്. ഇതിന് പിന്നാലെ കുട്ടികളെ വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകി പറഞ്ഞയച്ചു. രോഹിണി പ്രശാന്ത് വിഹാറിലെ പിവിആർ മൾട്ടിപ്ലസിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് പിന്നാലെയാണ് പ്രദേശത്തെ രണ്ട് സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇത് പരിഭ്രാന്തിക്ക് കാരണമായി. പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണിയുടെ പ്രവാഹമാണ്. 11 ദിവസത്തിനിടെ 100-ലേറെ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. വിപിഎൻ ഉപയോഗിച്ചാണ് ഇ-മെയിൽ സന്ദേശമയക്കുന്നത്. ഇക്കാരണത്താൽ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.