കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി. കൃത്യമായ അന്വേഷണം നടക്കണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവിനെ പുറത്താക്കിയ പാർട്ടിയാണിതെന്നും അദ്ദേഹത്തെ പിന്നീട് മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസാണെന്നും കെ. സുരേന്ദ്രൻ ഓർമിപ്പിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് മാനന്തവാടിയിൽ വച്ച് ഒരു സംഭവം നടന്നിരുന്നു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് വിശേഷിപ്പിച്ചു. അത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. മാനന്തവാടിയിൽ ഒരു സമരത്തിനിടെ ചെറിയൊരു സംഘർഷാവസ്ഥ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്തരമൊരു പരാമർശം ജില്ലാ പ്രസിഡന്റ് പറഞ്ഞത്. അഭിവന്ദ്യരായ സമുദായ നേതാക്കൾക്കെതിരെ നടത്തിയ മോശം പരാമർശം അംഗീകരിക്കാൻ സാധിക്കുന്നതല്ല, അതിനാൽ അദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പക്ഷെ, മൂന്ന് മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു.
100 ശതമാനം സത്യസന്ധവും ആത്മാർത്ഥവുമായ നിലപാടാണ് ബിജെപി സ്വീകരിച്ചിരിട്ടുള്ളത്. അതിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. കർശന നടപടിയാണ് ബിജെപി ആവശ്യപ്പെടുന്നത്. പൊലീസ് നിഷ്പക്ഷമായി നീതിപൂർവമായി കേസ് അന്വേഷിക്കണം. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം. ‘സ്നേഹയാത്ര’യ്‌ക്ക് തുടക്കമിട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരമൊരു സംഭവം നടന്നതിന് പിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്.
നിലവിൽ അറസ്റ്റിലായ ആരും തന്നെ ബിജെപി പ്രവർത്തകരല്ല. ഉണ്ടാവുകയുമില്ല. ഇനി ബിജെപിയുമായി പുലബന്ധമുള്ളവർ ഉണ്ടെങ്കിൽ അവരാരും തന്നെ പാർട്ടിയിൽ തുടരുകയുമില്ല. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണ്. ളോഹയിട്ട ഭീകരരെന്ന മോശം പരാമർശം നടത്തിയ ബിജെപി പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തയാളാണ് താൻ. അതുകൊണ്ട് കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. പുൽക്കൂട് തകർത്ത സംഭവത്തിന് മുൻപ് പാലക്കാട്ടെ മറ്റൊരു സർക്കാർ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ കരോൾ നടത്തുന്നത് തടഞ്ഞ് ചിലർ എത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികൾക്ക് വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയത്.















