ലക്നൗ: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെത്തിയ മുഖ്യമന്ത്രി, തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്രാസൗകര്യം, മികച്ച താമസസൗകര്യം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്‌രാജ് സന്ദർശനത്തിനിടെ, ദശാശ്വമേധ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ മുഖ്യമന്ത്രി, ദശാശ്വമേധ ഘട്ടിൽ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. ഫെയർ ഏരിയയിലെ നിർമാണിത്തിലിരിക്കുന്ന ടെന്റ് സിറ്റിയും അദ്ദേഹം സന്ദർശിച്ചു.
മഹാകുംഭമേളയോടനുബന്ധിച്ച് തീർത്ഥാടകരെ പാർപ്പിക്കുന്നതിന് വേണ്ടി ഒരുക്കുന്ന താമസസൗകര്യത്തെയാണ് ടെന്റ് സിറ്റി എന്ന് പറയുന്നത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കുടിലുകൾ പോലെയാണ് ഇവ നിർമിച്ചിരിക്കുന്നത്. മഹാകുംഭമേളയുടെ ഭാഗമായി എല്ലാ തവണയും ടെന്റ് സിറ്റി ഒരുക്കാറുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ടെൻ്റ് സിറ്റിയിൽ 6000-ത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ശൈത്യം കണക്കിലെടുത്ത്, തീർത്ഥാടകർക്ക് കൃത്യസമയത്ത് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വിഐപികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ക്രമീകരണങ്ങളും അദ്ദേഹം നിരീക്ഷിച്ചു. ടെൻ്റ് സിറ്റിയിൽ 2,200 ലധികം ക്യാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് നേതൃത്വം നൽകാൻ മൂന്ന് എഡിഎം ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു വലിയ സംഘത്തെ നിയോഗിക്കും.
ജില്ലയിലെ എല്ലാ ആശുപത്രികളിലും മികച്ച ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കുംഭമേള നടക്കുന്ന എല്ലാ ദിവസവും 24 മണിക്കൂറും ആശുപത്രികൾ പ്രവർത്തിക്കണം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഷിഫ്റ്റ് ഡ്യൂട്ടികൾ കർശനമായി പാലിക്കണം. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, ദിവ്യാംഗർ എന്നിവർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.