തിരുവനന്തപുരം: ക്ഷേമ പെൻഷനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. 373 ജീവനക്കാർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. ക്ഷേമപെൻഷനിൽ നിന്ന് കയ്യിട്ട് വാരിയവരിൽ നിന്ന് 18 ശതമാനം പലിശയോടെ പണം തിരിച്ചുപിടിക്കും.
തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റന്റർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. അർഹതയില്ലാതെ ക്ഷേമ പെൻഷൻ കൈപ്പറ്റിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും.
ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചുവിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. 1,458 സർക്കാർ ജീവനക്കാർ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ പട്ടിക അതത് വകുപ്പുകൾക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ ധനവകുപ്പ് നിർദേശിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ വിശദീകരണം കൂടി ലഭിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും.