ഹൈദരാബാദ്: പുഷ്പ – 2 ന്റെ ആദ്യ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്. തിയേറ്ററിനുള്ളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടതിന് പിന്നാലെയാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
യുവതിയുടെ മരണവിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം വാർത്താസമ്മേളനത്തിനിടെ പുറത്തുവിട്ടത്. എന്നാൽ സ്ത്രീ മരിച്ചത് അറിഞ്ഞില്ലെന്നായിരുന്നു അല്ലു അർജുൻ പൊലീസിനോട് പറഞ്ഞത്.
അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് അല്ലു അർജുൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബത്തിന് പുഷ്പ 2-ന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് 50 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. മരിച്ച രേവതിയുടെ ഭർത്താവിനെ നേരിൽക്കണ്ടാണ് നിർമാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയും തിയേറ്റർ മാനേജ്മെന്റിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയോടൊപ്പം തിക്കിലും തിരക്കിലുംപെട്ട മകൻ ശ്രീ തേജ് ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.