തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്രിസ്മസ്, വീടുകളിലും ഹൃദയങ്ങളിലും സന്തോഷവും സമാധാനവും സ്നേഹവും നിറയ്‌ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയിൽ ജീവിതത്തിൽ കഷ്ടപ്പെടുന്നവരെയും ഓർക്കണമെന്നും അവർക്കായി സ്നേഹവും പിന്തുണയും നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
“സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി ആശംസകൾ അറിയിച്ചത്. “എല്ലാവർക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു! ഈ ആഘോഷക്കാലം നിങ്ങളുടെ വീടുകളിലും ഹൃദയങ്ങളിലും സ്നേഹവും സമാധാനവും സന്തോഷവും നൽകട്ടെ. ദയ, അനുകമ്പ എന്നീ മൂല്യങ്ങളെക്കുറിച്ച് ക്രിസ്മസ് നമ്മെ ഓർമിപ്പിക്കട്ടെ. യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന വേളയിൽ, ഭാഗ്യം കുറഞ്ഞവരെ ഓർക്കുകയും അവർക്ക് നമ്മുടെ പിന്തുണയും സ്നേഹവും നൽകുകയും ചെയ്യാം,” സുരേഷ് ഗോപി കുറിച്ചു.
മലയാളികൾക്ക് തന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നാണ് അദ്ദേഹത്തിന്റെ ആശംസാകുറിപ്പ് അവസാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രമന്ത്രി ആയശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ ക്രിസ്മസാണിത്. മലയാളികളുടെ പ്രിയപ്പെട്ട നടന് ആരാധകരും ക്രിസ്മസ് ആശംസകൾ നേർന്നു.