ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ. അതിജീവിതയുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ നിന്ന് ചോർന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാട്കർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. അതിക്രൂരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും പെൺകുട്ടിയുടെ വ്യക്തിവിവരങ്ങളും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പരന്നു. അതിജീവിതയുടെ പേരുവിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രതികൾക്ക് കനത്ത ശിക്ഷ ലഭിക്കുന്നതിനും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 71 കൂടി ഉൾപ്പെടുത്തണമെന്നും വിജയ രഹാട്കർ ഡിജിപിയെ അറിയിച്ചു. കേസിലെ പ്രതികൾ സ്ഥിരം കുറ്റവാളികളാണ്. എന്നാൽ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടിയെടുക്കുന്നതിൽ തമിഴ്‌നാട് പൊലീസിന് വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രതികൾക്ക് പ്രേരണ ലഭിച്ചതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
ഡിസംബർ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ആൺസുഹൃത്തിനൊപ്പം മടങ്ങിവരികയായിരുന്ന വിദ്യാർത്ഥിനി കാമ്പസിനുള്ളിൽ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ അക്രമികൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം കാമ്പസിൽ നടന്നിരുന്നു. പ്രതികൾക്ക് ഡിഎംകെ പാർട്ടിയുമായുള്ള ബന്ധം വെളിപ്പെടുത്തി ബിജെപി നേതാക്കൾ തെളിവ് പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.