കോൺഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിംഗ്.. പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിംഗിനെതിരെ രാഹുൽ ഗാന്ധി പരസ്യമായി രംഗത്തുവന്ന ആ സംഭവത്തിലേക്ക്..
2013 സെപ്റ്റംബർ 27.. രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചുചേർത്തു. ഇതിന് പിന്നാലെ നാടകീയമായ പ്രഖ്യാപനങ്ങളും. മൻമോഹൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സമ്പൂർണ അബദ്ധമാണ്, അത് കീറി വലിച്ചെറിയണണമെന്ന് പ്രഖ്യാപിച്ച രാഹുൽ, ക്യാമറകൾ നോക്കി ഓർഡിനൻസ് വലിച്ചുകീറി. ഇതിൽപ്പരം അപമാനം മൻമോഹൻ സിംഗ് നേരിടാനില്ല. മന്ത്രിസഭയുടെ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി സ്വന്തം പാർട്ടി തന്നെ രംഗത്തെത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ വെട്ടിലാക്കി..
എന്തായിരുന്നു ഓർഡിനൻസ്
രണ്ട് വർഷമോ അതിൽക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുമെന്ന് സുപ്രീംകോടതി വിധിച്ചു. 2013 ജൂലൈ 10നായിരുന്നു നിർണായക വിധി. ഈ ഉത്തരവിനെ മറികടക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി മൻമോഹൻ സർക്കാർ. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിക്കാൻ സുപ്രീംകോടതി വിധിക്ക് മുകളിലായി ഓർഡിനൻസ് കൊണ്ടുവരാമെന്ന് മൻമോഹൻ സിംഗ് സർക്കാർ തീരുമാനിച്ചു. കോടതി വിധി വന്ന് രണ്ട് മാസത്തിന് ശേഷം ഓർഡിനൻസ് കൊണ്ടുവന്നു.
ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ സുപ്രീംകോടതി വരെയുള്ള നടപടികൾ പൂർത്തിയായതിന് ശേഷമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്നായിരുന്നു ഓർഡിനൻസ്. അഴിമതിക്കേസുകളിലും മറ്റുമായി ശിക്ഷിക്കപ്പെട്ട ജനപ്രതിനിധമാരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അന്നത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ബിജെപി നിശിതമായി വിമർശിച്ചു.
ഇതിനിടെയാണ് അമേരിക്ക സന്ദർശിക്കാൻ മൻമോഹൻ സിംഗ് പോയ വേളയിൽ രാഹുലിന്റെ വാർത്താസമ്മേളനവും ബിൽ കീറിയെറിയലും നടക്കുന്നത്. കോൺഗ്രസ് പാർട്ടിയും യുപിഎ സർക്കാരും തമ്മിൽ അടിപിടിയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ രാഹുലിന്റെ പ്രകടനം കാരണമായി. ഇതിന് പിന്നാലെ വന്ന പൊതുതെരഞ്ഞെടുപ്പിൽ യുപിഎ വമ്പൻ പരാജയമേറ്റുവാങ്ങുകയും ചെയ്തു.