ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ജസ്റ്റിസ് വി ലക്ഷ്മീ നാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്. കേസിൽ വിശദീകരണം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പിടിയിലായ പ്രതി ജ്ഞാനശേഖരന് ഡിഎംകെ നേതാക്കളുമായുള്ള ബന്ധം ബിജെപി പുറത്ത് കൊണ്ടുവന്നിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ചകളുണ്ടായെന്നും പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷക കേസിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടാണ് കോടതിക്ക് കത്ത് നൽകിയത്. എന്നാൽ സംസ്ഥാനസർക്കാരിന്റേയും പൊലീസിന്റെയും വാദങ്ങൾ കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി സർക്കാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സംഭവത്തിൽ പൊലീസും സർക്കാരും ഒളിച്ചുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു. പൊലീസിൽ പരാതി ലഭിച്ച ശേഷമാണ് യൂണിവേഴ്സിറ്റിയിൽ പീഡനവിവരം അറിഞ്ഞതെന്നായിരുന്നു ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട ഉന്നത വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. എന്നാൽ യൂണിവേഴ്സിറ്റിയിലെ കമ്മിറ്റിയാണ് പരാതി നൽകിയതെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണറുടെ വാദം. പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ആരോപിച്ചു.