ഫൈബർ ടിവിക്ക് പിന്നാലെ ഡയറക്ട്-ടു-മൊബൈൽ ‘BiTV’ സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. 300-ലധികം ലൈവ് ടിവി ചാനലുകൾ മൊബൈൽ ഫോണിൽ സൗജന്യമായി ലഭ്യമാകും. ഡിടിഎച്ചിനും കേബിൾ ടിവി വിപണിക്കും വൻ തിരിച്ചടിയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്. അധിക ഫീസോ മറ്റോ ഇല്ലാതെ എവിടെ ഇരുന്നും ടിവി ചാനലുകൾ ആസ്വദിക്കാനാകും.
പുതുച്ചേരിയിലാണ് BiTV സർവീസ് ആരംഭിച്ചിരിക്കുന്നത്. ഉടൻ തന്നെ രാജ്യ വ്യാപകമായി സർവീസ് വിപുലീകരിക്കുമെന്നാണ് വിലയിരുത്തൽ. ചാനലുകൾ ആസ്വദിക്കുന്നതിന് പുറമേ സിനിമകളും വെബ് സീരിസുകളും ആസ്വദിക്കാനാകും. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് വമ്പൻ ഓഫറാണ് നൽകിയിരിക്കുന്നത്.
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായാണ് IFTV സർവീസ് ആരംഭിച്ചത്. ആൻഡ്രോയിഡ് സ്മാർട്ട് ടിവിയിലൂടെയാണ് ഈ സേവനം ആസ്വദിക്കാൻ സാധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിലെ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് വഴി ഐഎഫ്ടിവി സേവനം ആക്സസ് ചെയ്യാവുന്നതാണ്. ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് പുറമേ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും ഉപകാരപ്രദമാകുന്ന സേവനമാണ് ഏറ്റവും ഒടുവിലായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.