ന്യൂഡൽഹി: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യം ഇന്ന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 9:30 ന് കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിക്കും.
രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രിമാർ, വിദേശ നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
രാവിലെ എട്ടിന് മൻമോഹൻ സിംഗിന്റെ ഭൗതികശരീരം കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 9.30ന് ജാഥ ആരംഭിക്കും മുമ്പ് പൊതുജനങ്ങൾക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരമുണ്ട്. സംസ്കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു. ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതിനായി സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതിനാൽ ശവസംസ്കാരവും മറ്റ് ചടങ്ങുകളും താൽക്കാലികമായി പൂർത്തിയ്‌ക്കും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായി, മാലിദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് തുടങ്ങിയ നിരവധി ലോകനേതാക്കൾ മുൻപ്രധാനമന്ത്രിക്ക് അനുശോചനം രേഖപ്പെടുത്തി.