തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
മരിച്ച മലയാളികൾ കോട്ടയം സ്വദേശികൾ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ ഒരാൾ കുറുവിലങ്ങാട് സ്വദേശി ജയന്താണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട മാരുതി ഓൾട്ടോ കാർ പൂർണമായി തകർന്നു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബസിലെ 18 ഓളം യാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ തേനിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച മലയാളികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.















