ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തിനിടെ പ്രകോപിതനായ 20-കാരൻ ഷേവിംഗ് റേസർ വിഴുങ്ങി. റേസർ രണ്ടുകഷ്ണമാക്കിയ ശേഷം വിഴുങ്ങുകയായിരുന്നു. വിഷാദരോഗിയായ യുവാവ് കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടുന്നുപോയിരുന്നത്. പിതാവും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ്. ഇതിനിടെയായിരുന്നു ഇരുവരും തമ്മിൽ തർക്കമുടലെടുത്തത്. ദേഷ്യം അടക്കാനാകാതെ തന്റെ ഷേവിംഗ് റേസർ ഒടിച്ച് രണ്ടുകഷ്ണമാക്കി വിഴുങ്ങുകയായിരുന്നു യുവാവ്.
ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോൾ റേസറിന്റെ ഹാൻഡ്ലർ വൻകുടലിലും ബ്ലേഡിന്റെ ഭാഗം ആമാശയത്തിലും എത്തിയതായി ഡോക്ടർമാർ കണ്ടെത്തി. laparotomy ചെയ്തതിന് ശേഷം വയറ് കീറി ബ്ലേഡ് പുറത്തെടുത്തു. sigmoidoscopy ഉപയോഗിച്ച് റേസറിന്റെ ഹാൻഡ്ലറും പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും യുവാവ് ഇപ്പോൾ സുഖംപ്രാപിച്ചുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ യുവാവിന്റെ മാനസികാരോഗ്യം നിലനിർത്തുന്നതിനായി കൗൺസിലിംഗ് ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ.