കോലിയും രാഹുലും രോഹിത്തും തുടങ്ങി വമ്പന്മാരടക്കം ഒൻപതുപേർ രണ്ടക്കം കാണാതെ മടങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ 184 റൺസിന്റെ കൂറ്റൻ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ടൂർണമെൻ്റിൽ ഓസീസ് 2-1 മുന്നിലുമെത്തി.
സമനില ഉറപ്പായിരുന്ന മത്സരമാണ് ഇന്ത്യൻ ബാറ്റിംഗ് നിര തോൽവിയാക്കി മാറ്റിയത്. 191 പന്തിൽ 82 റൺസെടുത്ത ജയ്സ്വാൾ ഏഴാമനായി പുറത്തായതോടെയാണ് ഇന്ത്യ തോൽവി ഉറപ്പിച്ചത്. ഇടംകൈയന്റെ പുറത്താകൽ വിവാദത്തിനും വഴിതെളിച്ചു. 30 റൺസെടുത്ത പന്തും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്നും പുറത്തായത്. അഞ്ചു റൺസുമായി ക്രീസിൽ നിന്ന വാഷിംഗ്ടൺ സുന്ദറിന് കൂട്ടിനാരുമുണ്ടായില്ല.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി ഒരു റണ്ണെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടിനും. ആകാശ് ദീപ് ഏഴ് റൺസെടുത്തപ്പോൾ ബുമ്രയും സിറാജും ഡക്കായി. മൂന്നു വീതം വിക്കറ്റെടുത്ത പാറ്റ് കമിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ തകർത്തത്. നഥാൻ ലിയോണിന് രണ്ടുവിക്കറ്റ് ലഭിച്ചപ്പോൾ മിച്ചൽ സ്റ്റാർക്കും ട്രാവിസ് ഹെഡും ഒരോ വിക്കറ്റ് വീതം നേടി.
339 വിജലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി വന്ന കെ.എൽ രാഹുൽ ഡക്കായി നാലാമനായി ക്രീസിലെത്തിയ കോലി പതിവ് ശൈലിയിൽ പുറത്തായി. 5 റൺസുമായാണ് വിരാട് കൂടാരം കയറിയത്.















