കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവ് സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരിപാടിയുടെ സ്‌പോൺസർഷിപ്പ് സംബന്ധിച്ച കാര്യങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്പോൺസർമാരായ കല്യാൺസിൽക്സ് അടക്കമുള്ളവർ സംഘാടകർക്കെതിരെ രംഗത്തെത്തിയിരുന്നു.
സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാർക്കെതിരെയും കേസെടുക്കും. നൃത്ത അദ്ധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കർ എന്ന നിലയിലാണ് ഇവർക്കെതിരെ നടപടിയെടുക്കുന്നത്. സംഭവത്തിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിന്റെയും നൃത്തപരിപാടിയിൽ സഹകരിച്ച സിനിമാ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സ്റ്റേഡിയത്തിൽ പ്രവേശനം നൽകുന്നതിന് ടിക്കറ്റ് വച്ച് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ബുക്ക് മൈ ഷോ അധികൃതരിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. രണ്ട് നിരക്കിലുള്ള ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നത്. എന്നാൽ ടിക്കറ്റിനായി കൂടുതൽ പണം വാങ്ങിയതായാണ് നൃത്തകരുടെ രക്ഷിതാക്കൾ പറയുന്നത്. ഇതിനെത്തുടർന്നാണ് പൊലീസ് ബുക്ക് മൈ ഷോയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.