ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു. മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ഷോട്ടുകൾ കളിച്ച് കോലിയും രോഹിത്തും പന്തും വിക്കറ്റ് കളയുന്നതിൽ മാനേജ്മെന്റിന് കടുത്ത അതൃപ്തിയുണ്ട്. സ്വതസിദ്ധ ശൈലിയെന്ന് പറഞ്ഞ്, ഇത്തരം ലാഘവ സമീപനം തുടരനാകില്ലെന്ന നിലപാടിലാണ് പരിശീലകൻ ഗൗതം ഗംഭീർ. കാരണം പരിശീലകനെന്ന നിലയിൽ താരത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.
തനിക്ക് മതിയായെന്നും, ആറുമാസം താരങ്ങളുടെ ഇഷ്ടാനുസരണം കളിക്കാൻ അവസരം നൽകിയെന്നും ഇനി അത് വേണ്ടെന്നുമാണ് ഗംഭീറിന്റെ നിലപാട്. ഇനി തന്റെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് നീങ്ങിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്തുപോകുമെന്ന മുന്നറിയിപ്പാണ് ടീമംഗങ്ങൾക്ക് നൽകിയത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ചേതശ്വർ പൂജാരയെ ഉൾപ്പെടുത്തണമെന്ന ഗംഭീറിന്റെ നിർദ്ദേശം സെലക്ടർമാർ നിരാകരിച്ചിരുന്നു. മൂന്നാം നമ്പറിൽ പ്രതിരോധിച്ച് ക്ഷമയോടെ കളിക്കുന്ന താരമായ പൂജാര നേരത്തെ ഓസ്ട്രേലിയൻ ബൗളർമാരെ വട്ടംകറക്കിയിരുന്നു.
എന്നാൽ ഇത്തവണ കെ.എൽ രാഹുലിന്റെ പേരുപറഞ്ഞ് പൂജാരയെ ടീമിൽ എടുത്തിരുന്നില്ല. നിലവിൽ ഡിഫെൻസീവ് സ്റ്റൈലിൽ കളിക്കുന്ന ഏകതാരമായ രാഹുൽ മിക്ക മത്സരങ്ങളിലും പരാജയവുമായിരുന്നു. രഹാനയുടെ അഭാവവും ഇന്ത്യക്ക് ഓസ്ട്രേലിയയിൽ വെല്ലുവിളി സൃഷ്ടിച്ചുവെന്നതിൽ തർക്കമില്ല.















