ലക്നൗ: യുപി പിലിഭിത്തിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐഎസ്ഐയിൽ നിന്ന് പരിശീലനം ലഭിച്ചതായി കണ്ടെത്തി. ഡിസംബർ 23 നാണ് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ (KZF) അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരെ വധിച്ചത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്. ഇവരുടെ നേതാവ് രഞ്ജിത് നീത പാകിസ്താനിലാണ് താമസിക്കുന്നത്.
പഞ്ചാബിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച ശേഷമാണ് ശേഷമാണ് സംഘം യുപിയിലേക്ക് കടന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയിൽ നിന്നും പണം കൈപ്പറ്റിയ ശേഷമാണ് പഞ്ചാബിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഇവർ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട മൂവരും മയക്കുമരുന്നിന് അടിമകളാണെന്നും പ്രദേശത്തെ മറ്റ് യുവാക്കളെ ഇവർ തീവ്രവാദത്തിലേക്ക് ആകർഷിച്ചിരുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് അനുസരിച്ച് പഞ്ചാബിലെ ഗുരുദാസ്പൂരിലെ ചെക്ക്പോസ്റ്റിൽ നടന്ന ഭീകരാക്രമണം കാനഡയിലും അമേരിക്കയിലും ആസൂത്രണം ചെയ്ത വലിയ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിൽ പൊലീസിനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനുമായി 2023 ൽ ഇരു രാജ്യങ്ങളിലും മൂന്ന് മീറ്റിംഗുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഞ്ചാബിൽ ഇരുപതോളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്.