കാലിഫോർണിയ: എയർപോർട്ടിന് സമീപം എയർക്രാഫ്റ്റ് തകർന്നുവീണു. കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ വിമാനത്താവളത്തിന് അടുത്താണ് സംഭവം. എയർപോർട്ടിന് കിഴക്കുവശത്ത് വെസ്റ്റ് റെയ്മർ അവന്യൂവിൽ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കാണ് വിമാനം വീണത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായാണ് വിവരം. എയർപോർട്ടിന് സമീപത്തെ വ്യാപാരസമുച്ചയത്തിന് മുകളിൽ വീണതിനാൽ ഇവിടെയുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.09നായിരുന്നു സംഭവം. പരിക്കേറ്റ 18 പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സിംഗിൾ റൺവേയും ഹെലിപോർട്ടുമുള്ള വിമാനത്താവളമാണ് ദക്ഷിണ കാലിഫോർണിയയിലെ ഫുള്ളേർട്ടൺ മുനിസിപ്പൽ എയർപോർട്ട്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിന് തൊട്ടടുത്ത് നിരവധി വീടുകളും സ്ഥാപനങ്ങളുമുണ്ട്.