തിരുവനനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് യോഗക്ഷേമ സഭ. ഷർട്ട് ധരിക്കണോ വേണ്ടയോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്നും സംഭവം രാഷ്ട്രീയ വിഷയമാക്കി ഹൈന്ദവ സമൂഹത്തിന് മേൽ ആരും കുതിരകയറേണ്ടെന്നും യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സച്ചിതാനന്ദയുടെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതിനെ എതിർത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്ഷേത്രത്തിലേക്ക് മേൽവസ്ത്രം ധരിച്ചുകയറുന്നതുമായി ബന്ധപ്പെട്ട് പല ശാസ്ത്രീയ വശങ്ങളുമുണ്ടെങ്കിലും ഓരോ ക്ഷേത്രത്തിനും ഓരോ രീതികളും നിയമങ്ങളുമാണ് ഇന്ന് നിലവിലുള്ളത്. ഓരോ ക്ഷേത്രങ്ങളിലെയും ആചാര്യന്മാരും അവിടുത്തെ പൊതുജനങ്ങളും ചർച്ച ചെയ്ത് അവരുടെ താത്പര്യപൂർവം നിലപാടെടുക്കേണ്ട വിഷയമാണിത്. ഇക്കാര്യത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞതാണ് ശരിയെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
വ്യക്തിതാത്പര്യങ്ങൾ പരിഗണിച്ചല്ല ഇതൊന്നും തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നത് അപ്രകാരമേ കാണാൻ കഴിയൂ. രാഷ്ട്രീയപരമായല്ല ഈ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ആചാര്യസഭ വിളിച്ചുകൂട്ടി തന്ത്രിമാരും സന്യാസിമാരും ക്ഷേത്ര ഉടമസ്ഥരും മറ്റും കൂടിയാലോചിച്ചാണ് നിലപാടെടുക്കേണ്ടത്. സർക്കാർ ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതില്ല. സർക്കാർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ അതിനെ സ്വാർത്ഥതയായി മാത്രമേ കാണാൻ കഴിയൂ. – കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.