ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു വീഡിയോയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരിക്കുന്നത്.
ട്രയൽ റൺ നടത്തുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് വീഡിയോയിൽ. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഇതിൽകാണാം. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു ഘടകം, വീഡിയോയിൽ കാണിച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളമാണ്. കോച്ചിനുള്ളിലെ സ്ലാബിൽ ഗ്ലാസ് നിറയെ വെള്ളം വച്ചിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിട്ടും ട്രെയിനിന് കുലുക്കമില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ വച്ചിരിക്കുന്ന ഗ്ലാസിലെ വെള്ളം ഒരിറ്റ് പോലും പുറത്തേക്ക് തുളുമ്പാതെ അതുപോലെ തന്നെ ഇരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.
Vande Bharat (Sleeper) testing at 180 kmph pic.twitter.com/ruVaR3NNOt
— Ashwini Vaishnaw (@AshwiniVaishnaw) January 2, 2025
ഹൈ-സ്പീഡിൽ പറക്കുമ്പോഴും സൗകര്യപ്രദവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് സാധിക്കുമെന്ന് കൂടിയാണ് റെയിൽവേമന്ത്രി ഇവിടെ പറഞ്ഞുവെക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒന്നിലധികം പരീക്ഷണങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള റെയിൽവേ യാത്രക്കാർക്ക് ലോകോത്തര ദീർഘദൂര യാത്ര ലഭ്യമാക്കുന്നതിന് മുന്നോടിയായി ജനുവരി അവസാനം വരെ പരീക്ഷണയോട്ടങ്ങൾ തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പരീക്ഷണയോട്ടം അവസാനിച്ചുകഴിഞ്ഞാൽ, റെയിൽവേ സുരക്ഷാ കമ്മീഷണർ വിലയിരുത്തും. അതിനുശേഷം മാത്രമേ റെഗുലർ സർവീസുകൾക്കായി ഇന്ത്യൻ റെയിൽവേയ്‌ക്ക് കൈമാറുകയുള്ളൂ. ഓട്ടോമാറ്റിക് ഡോറുകൾ, അൾട്രാ കംഫർട്ടബിൾ ബെർത്തുകൾ, ഓൺബോർഡ് വൈഫൈ, വന്ദേ തുടങ്ങിയ സവിശേഷതകളോടെയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.