ടെസ്റ്റ് പരമ്പര 3 -1 ന് നേടി പത്ത് വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈകളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ പ്രവേശനവും. ബുമ്രയെന്ന ഒറ്റയാൾ പട്ടാളമില്ലെങ്കിൽ ഇന്ത്യയുടെ ബൗളിംഗ് നിര പൂർണ പരാജയമാണെന്ന് തോന്നിക്കും വിധമായിരുന്നു സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ കാഴ്‌ചകൾ. ബുമ്ര പരിക്ക് പറ്റി പിന്മാറിയില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്ന് നിസംശയം പറയാവുന്നതരത്തിലായിരുന്നു ഓസീസിന്റെ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിൽ ഇന്ത്യയുടെ ബൗളിംഗ് പ്രകടനം.
തോറ്റെങ്കിലും പരമ്പരയിൽ ഏറ്റവും (32) കൂടുതൽ വിക്കറ്റുകൾ നേടിയ ബുമ്രയാണ് ടൂർണമെന്റിലെ താരം. രോഹിത് ശർമയുടെ അഭാവത്തിൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ബുമ്ര കരിയറിലെ മികച്ച പ്രകടനമാണ് ഈ പരമ്പരയിൽ ഉടനീളം നടത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം പുറംവേദനയെത്തുടർന്ന് കളം വിട്ടതാരം ടീം സ്റ്റാഫുകൾക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ ആശങ്കയോടെയാണ് ആരാധകർ കണ്ടത്. എന്നാൽ മൂന്നാം ദിനം ബുമ്ര ബൗളിംഗിൽ നിന്നു വിട്ടുനിന്നതോടെ ഇന്ത്യ അസ്ത്രമൊഴിഞ്ഞ ആവനാഴി പോലെയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന ബുമ്രയുടെ കൈയ്യിൽ തന്നെയായിരുന്നു എന്ന് തെളിഞ്ഞ ദിനം.
രണ്ടാം ദിനം ഓസീസിനെ 181 റൺസിന് തളച്ച ആത്മവിശ്വാസത്തിൽ മൂന്നാം ദിനം ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ബുമ്ര കൂടിയില്ലെന്ന കാര്യം ഇന്ത്യ മറന്നു. ബുമ്രയുടെ അഭാവത്തിൽ ബൗളർമാർ ഓസീസ് ബാറ്റർമാരുടെ കടുത്ത പ്രഹരമേറ്റുവാങ്ങി.
രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയെ 157 റൺസിനൊതുക്കിയ സ്കോട്ട് ബോളണ്ടിന്റെയും പാറ്റ് കമ്മിൻസിന്റെയും ബൗളിംഗ് ഇന്ത്യയുടെ ബൗളർമാർ കണ്ട് പഠിക്കേണ്ടതാണ്. മൂന്നാം ദിനം വെറും 16 റൺസിനിടെയാണ് അവർ ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകൾ വീഴ്‌ത്തിയത്. പരമ്പര തോറ്റതിന്റെ പ്രധാന കാരണം ഇന്ത്യയുടെ ദയനീയ ബാറ്റിംഗ് പ്രകടനമാണെങ്കിലും കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്‌ത്തി ബുമ്ര രക്ഷകനാകുമെന്ന് ആരാധകരും ടീമും ഒരുപോലെ പ്രതീക്ഷിച്ചിരുന്നു. ഇതിനാണ് തിരിച്ചടിയേറ്റത്.
മൂന്നാം ദിനം ബുമ്രയുണ്ടെങ്കിൽ ഇന്ത്യ 200 റൺസ് ലീഡ് നേടുന്നത് ഓസീസിനെ മുട്ടുകുത്തിക്കാൻ പര്യാപ്‌തമാണെന്ന ഗവാസ്കറുടെ വാക്കുകൾ നിർണായക ഘട്ടങ്ങളിൽ ടീം എത്രത്തോളം ആ മനുഷ്യനെ ആശ്രയിക്കുന്നുവെന്നതിന്റെ തെളിവാണ്. ബാറ്റിംഗ് നിര പരാജയപ്പെടുമ്പോൾ ടീമിന്റെ മുഴുവൻ സമ്മർദ്ദവും ഒറ്റയാളിലേക്ക് ചുരുക്കുന്നതിൽ അർത്ഥമില്ലെന്ന വലിയ പാഠമാണ് ബോർഡർ-ഗാവസ്‌കർ പരമ്പര ഇന്ത്യക്ക് നൽകുന്നത്.















