ന്യൂഡൽഹി: ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിലുള്ള 13 കിലോമീറ്റർ റെയിൽവേ ലൈനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,600 കോടി രൂപ ചെലവിലാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള 12,200 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് ശേഷം സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷൻ മുതൽ ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. വിദ്യാർത്ഥികളോടൊപ്പം സംവദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. വളരെ വ്യത്യസ്തമായ മെട്രോ സംവിധാനം എന്നതിലുപരി അതിവേഗ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നമോ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്.
ഡൽഹിയിലെ പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഡൽഹിയിലെ ഗതാഗതം വിപുലീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹി മെട്രോയുടെ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിലുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,200 കോടി രൂപ ചെലവിലാണ് ഇവ നിർമിച്ചത്. മെട്രോയുടെ നാലാംഘട്ട നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി റിതാല – കുണ്ട്ലി ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു.