ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 34 യാത്രക്കാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റുകയാണ്.
പുലർച്ചെ 6.15 ഓടെയാണ് അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിന്ന് ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 30 അടിയോളം താഴ്‌ചയിലേക്ക് വീണ ബസ് ചെരുവിലെ മരങ്ങൾക്കിടയിൽ തടഞ്ഞ് നിൽക്കുകയായിരുന്നു.
ഹൈവേ പൊലീസും മോട്ടോർ വാഹനവകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ബസ് വടം കെട്ടി നിർത്തിയശേഷമാണ് യാതക്കാരെ പുറത്തെടുക്കുന്നത്. ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക സൂചനകൾ.