ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ ആഴ്ച രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം പാർട്ടിയിൽ നിന്നും സമ്മർദം ശക്തമായതോടെയാണ് ട്രൂഡോയുടെ രാജി തീരുമാനമെന്ന് സൂചന. ലിബറൽ പാർട്ടിയുടെ നാഷണൽ കോക്കസ് യോഗം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഈ യോഗത്തിന് മുമ്പ് ട്രൂഡോ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
തന്റെ സർക്കാരിനെ വർഷങ്ങളോളം പിന്തുണച്ച പ്രതിപക്ഷ പാർട്ടി പാർലമെന്റ് പുനരാരംഭിക്കുമ്പോൾ സർക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ട്രൂഡോ കൂടുതൽ പ്രതിസന്ധിയിലായത്. അടുത്ത മാസം അവസാനം വരെ പാർലമെൻ്റ് അവധിയായിരിക്കും. എന്നാൽ ജനവരി 27 ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ ട്രൂഡോയ്‌ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തുമെന്ന് ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) അറിയിച്ചു. ട്രൂഡോയുടെ ലിബറലുകൾക്ക് പാർലമെൻ്റിൽ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ, അവർ നിയമനിർമ്മാണം നടത്താനും അധികാരത്തിൽ തുടരാനും വർഷങ്ങളോളം എൻഡിപിയുടെ പിന്തുണയെ ആശ്രയിച്ചിരുന്നു.
കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എൻഡിപി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂഡോയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് ഭവന മന്ത്രി രാജിവെച്ചതിനുപിന്നാലെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലൻഡും പടിയിറങ്ങി. കുത്തനെയുള്ള താരിഫ് വർദ്ധനയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണി നിലനിക്കെ ട്രൂഡോ നിരുത്തരവാദപരമായാണ് കാനഡയുടെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്ന് ക്രിസ്റ്റിയ ആരോപിച്ചു.