ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഇറാനിലില്ലെന്ന് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ. സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ-ഹദത്ത് മാധ്യമമാണ് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖമേനി എവിടെയാണെന്ന റിപ്പോർട്ടിലില്ല.
പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമേനി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ പുറത്തുവരുന്ന പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് തയ്യാറാക്കുന്നതെന്നും ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ പറയുന്നു.
ഇറാനിൽ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നും അത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന സാഹചര്യമാണെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, അമേരിക്ക ആക്രമണം തുടരുകയാണെങ്കിൽ “മറക്കാനാകാത്ത പാഠം” പഠിപ്പിക്കുമെന്ന് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിന് “യാതൊരു വിലയുമില്ല” എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷാ ആശങ്കയും ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.















