കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം. തുടര്‍ച്ചയായ മഴയും പുതിയ ഉരുള്‍പൊട്ടല്‍ ഭീഷണിയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മോണ്‍ പട്ടണത്തില്‍ 10 മുതല്‍ 15 വരെ വീടുകളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. അസം റൈഫിള്‍സ് ക്യാമ്പിന് താഴെയുള്ള പ്രദേശത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ മണ്ണിനടിയിലാകുകയോ ഒലിച്ചുപോകുകയോ ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അസം റൈഫിള്‍സ്, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), നാഗാലാന്‍ഡ് പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ കനത്ത മഴയും മലയോര മേഖലയിലെ ദുഷ്‌കരമായ ഭൂപ്രകൃതിയും തുടര്‍ച്ചയായ മണ്ണിടിച്ചിലും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മോണ്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലാഷ് വെള്ളപ്പൊക്കവും വ്യാപകമായ വെള്ളക്കെട്ടും രൂപപ്പെട്ടു. മലഞ്ചെരിവുകളില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രധാന റോഡുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നാഗാലാന്‍ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദീതീരങ്ങള്‍, വെള്ളപ്പൊക്കബാധിത മേഖലകള്‍ എന്നിവ ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്നും ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത പ്രതികരണ സേന, പൊലീസ്, അസം റൈഫിള്‍സ് എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഉപമുഖ്യമന്ത്രി യാന്തുങ്‌ഗോ പാറ്റണും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനുമുള്ള എല്ലാ നടപടികളും ഏകോപിപ്പിച്ചുവരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.















