വയനാട്: കോൺഗ്രസിനെ വെട്ടിലാക്കി വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ ആത്മഹത്യാക്കുറിപ്പുകൾ. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അയച്ച കത്ത് ഉൾപ്പെടെയാണ് പുറത്തുവന്നത്. സാമ്പത്തിക ബാധ്യതയുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടിയതിന് പുറമെ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെയും കത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ബാങ്കുകളിലെ നിയമനത്തിന്റെ പേരിൽ പണം വാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണെന്നാണ് പരമാർശം. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ സംബന്ധിച്ചും ആത്മഹത്യാക്കുറിപ്പിൽ പരമാർശിച്ചിട്ടുണ്ട്.
കടബാധ്യത എങ്ങനെയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. തന്റെ പേരിൽ ബത്തേരി അർബൻ ബാങ്കിൽ 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും എന്നാൽ പണം വാങ്ങിയത് ഐ സി ബാലകൃഷ്ണനാണെന്നും പിന്നീട് തിരിച്ചു ചോദിച്ചപ്പോൾ കയ്യൊഴിഞ്ഞതായും കത്തിൽ പറയുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. പണം വാങ്ങാൻ നിർദേശിച്ചത് നേതൃത്വമായിരുന്നു. എന്നാൽ പിന്നീട് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയില്ല. പണം നൽകിയവർ തിരിച്ചാവശ്യപ്പെടാൻ തുടങ്ങിയപ്പോൾ എല്ലാ ബാധ്യതയും തന്റെ തലയിലായെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
നേതാക്കളുടെ നിർദേശപ്രകാരം പാർട്ടിയുടെ ആവശ്യത്തിനായും പണം വാങ്ങി. എന്നാൽ പിന്നീട് ബാധ്യതകളെല്ലാം ഡിഡിസി ട്രഷററായ തന്റെ തലയിൽ മാത്രമായി. പാർട്ടി തന്നെ കൈവിട്ടു. പാർട്ടിയുടെ നിർദേശപ്രകാരം എഡി അപ്പച്ചന്റെ അയൽവാസിയായ ചാക്കോയിൽ നിന്നും 10 ലക്ഷം രൂപയാണ് കടമായി വാങ്ങിയത്. ഇത് തിരിച്ച് കൊടുക്കേണ്ടതും തന്റെ മാത്രം ബാധ്യതയായെന്ന് കെ സുധാകരന് എഴുതിയ കത്തിൽ പറയുന്നു.
ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവച്ചു. തന്റെ മകന്റെ ബാങ്കിലെ ജോലിയും ഇല്ലാതാക്കി. കോൺഗ്രസ് ലീഗൽ സെല്ലിന് ഇക്കാര്യങ്ങൾ അറിയാം. എന്നാൽ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. 50 വർഷം കോൺഗ്രസിനായി പ്രവർത്തിച്ച് ജീവിതം നശിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.